നിധി
ഭാഗം 02
ഇറങ്ങിവന്നത് ഒരു പെൺകുട്ടിയാണ്,ആകെയുലഞ്ഞ രൂപം മുഖത്ത് ചോ** ര **ത്തുള്ളികൾ.
ഇരുപത്തിയൊന്നോ, ഇരുപത്തി രണ്ടോ വയസ്സ് പ്രായം ഉണ്ടാകും.
ഈ പ്രായത്തിൽ ആറു വയസ്സുള്ള
കുഞ്ഞിന്റെ അമ്മയായോ..??നന്ദിനിക്ക് സംശയം തോന്നി.
അവളുടെ അഴിഞ്ഞുലഞ്ഞ മുടിയും, കവിളിൽ നഖം കൊണ്ട് പോറിയ പാടുകളും ഒക്കെ കണ്ടപ്പോൾ നന്ദിനിക്ക് ആകെ വല്ലായ്മ തോന്നി.
അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പാൻ കാത്തിരിക്കുന്ന നീലത്തടാകം പോലെ തോന്നിച്ചു.
ഇതേ നീലക്കണ്ണുകളാണ് നിധിക്കും.
ഞാൻ നിധിയുടെ ടീച്ചറാണ്. നന്ദിനി പറഞ്ഞു.
ആഹ്... മനസ്സിലായി. കയറി വായോ...
ആ പെൺകുട്ടി പറഞ്ഞു.
നന്ദിനി അകത്തേക്ക് കയറി.
നിധി എവിടെ ??
അവൾ മുറിയിലുണ്ട്.
ഇരിക്കൂ...
പേരെന്തായിരുന്നു?നന്ദിനി ചോദിച്ചു.
എന്റെ പേര് ചിത്ര..
നിധിക്ക് കുറച്ച് ദിവസമായി എന്തോ വല്ലാത്ത വിഷമം ആണല്ലോ? എന്താ പറ്റിയത്?? കുട്ടിയെ വഴക്ക് പറയുകയോ മറ്റോ ചെയ്‌തോ..
അവൾ തല കുനിച്ചു.
പറയാൻ പറ്റാത്ത കാര്യമാണെങ്കിൽ പറയണ്ട, ഞാൻ സൂചിപ്പിച്ചെന്നെ ഉള്ളൂ..
ഇന്നലെ നിധിക്ക് വീട്ടിലേക്ക് മടങ്ങിപ്പോരുന്നത് ഇഷ്ട്ടമല്ലെന്നും പറഞ്ഞ് ഇരിക്കുവാരുന്നു....
അതൊന്ന് നിധിയുടെ അമ്മയെ അറിയിക്കണമെന്ന് തോന്നി.
കുട്ടികളുടെ മനസ്സല്ലേ... തകർന്നു പോയാൽ പിന്നെ കൂട്ടിച്ചേർക്കാൻ പറ്റിയെന്നു വരില്ല.
നന്ദിനി എഴുന്നേറ്റു.
അപ്പോഴാണ് നിധി അങ്ങോട്ട് വന്നത്.
കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, വിങ്ങിപ്പൊട്ടിയുള്ള ആ നിൽപ്പ് കണ്ടപ്പോൾ നന്ദിനിയുടെ ഉള്ളൊന്നു പിടച്ചു..
അവൾ നിധിയെ ചേർത്തു പിടിച്ചു...
ദേ... എന്നെ തല്ലി ടീച്ചറെ...അവൾ കുഞ്ഞിക്കൈ ഉയർത്തി കാണിച്ചു.
നന്ദിനി തിരിഞ്ഞ് ആ സ്ത്രീയെ നോക്കി...
കുട്ടികളെ ഉപദ്രവിക്കുന്നത് തെറ്റാണെന്ന് അറിയില്ലേ...
ചിത്ര തലകുനിച്ചു..
ഞാനല്ല....
പിന്നെ....??
ഇത് അച്ഛനാ ടീച്ചറെ...
അമ്മേം എന്നെ ഉപദ്രവിക്കും എന്നെ ആർക്കും ഇഷ്ടമല്ല. നിധിയുടെ ചുണ്ടുകൾ വിതുമ്പലിൽ വിറച്ചു..
നോക്ക്....നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽതന്നെ അത് കുഞ്ഞിനെ ബാധിക്കാതെ നോക്കണം.
നിങ്ങൾ ജന്മം കൊടുത്ത കുട്ടിയോട് നിങ്ങൾക്ക് ബാധ്യത ഇല്ലേ.
മോൾ അപ്പുറത്തേക്ക് പൊയ്ക്കോ. അമ്മ ടീച്ചറിനോട് കുറച്ച് സംസാരിക്കട്ടെ.ചിത്ര പറഞ്ഞു.
ഉം... നിധി തലകുലുക്കിയിട്ട് അകത്തേക്ക് പോയി.
ടീച്ചർ, മോൾ എപ്പോഴും ടീച്ചറിന്റെ കാര്യം പറയും. അവൾക്ക് ഒത്തിരി ഇഷ്ട്ടമാണ് ടീച്ചറിനെ.
അതെ... എന്റെ അടുത്ത് മോൾ എല്ലാകാര്യവും പറയും. ഇന്നലെ അമ്മ നിധിയെ പിച്ചിയ പാട് കാണിച്ചു തന്നു.
എന്തൊരു മിടുക്കി കുട്ടിയാണവൾ. ഇതുപോലൊരു കുഞ്ഞിനെ ആരാ മോഹിക്കാത്തത്. എന്നിട്ടും എന്തിനാണ് കുട്ടിയെ വേദനിപ്പിക്കുന്നത്.
കുഞ്ഞുങ്ങൾ മറ്റെന്തും സഹിക്കും അവരുടെ അമ്മ അവരെ നോവിക്കുന്നത് അവർക്ക് താങ്ങാൻ ആവില്ല.
നിധി.... നിധി...എന്റെ മോളല്ല..
ചിത്രയുടെ ശബ്ദം വിറച്ചു.
പിന്നെ,നിധിയുടെ അമ്മ....???
നിധിയുടെ അമ്മ മരിച്ചുപോയി.
എന്റെ സഹോദരി ഗൗരിയുടെ കുഞ്ഞാണ് നിധി.
ഗൗരിയുടെ മരണശേഷം, കുഞ്ഞിനെ നോക്കിയത് ഞാനായിരുന്നു.
പിന്നെ എപ്പോഴോ എനിക്ക് അവളെ പിരിയാൻ പറ്റാതായി.
അവളെ കുറിച്ചോർത്തു മാത്രമാണ് ഞാൻ ശരത്തേട്ടന്റെ രണ്ടാം ഭാര്യയായത്.
മോളും ഞാനും ശരത്തേട്ടനും. സ്വർഗമായിരുന്നു ഞങ്ങളുടെ ജീവിതം.
മോൾ മിടുമിടുക്കിയായിരുന്നു അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അവളെ കുറിച്ചോർത്ത് എപ്പോഴും അഭിമാനമായിരുന്നു.
പക്ഷെ... ടീച്ചറെ... ഒരു ദിവസം ശരത്തേട്ടൻ വന്നത് മനസ്സാകെ തകർന്നിട്ടായിരുന്നു
നിധി മോൾ അദ്ദേഹത്തിന്റെതല്ലെന്ന് അന്ന് എന്നോട് പറഞ്ഞു.
ആ വാക്കുകള്‍ ഉൾക്കൊള്ളാൻ എനിക്കായില്ല.ഞാൻ ദേഷ്യപ്പെട്ടു.
മരണപ്പെട്ടുപോയ എന്റെ സഹോദരിയെ മോശക്കാരിയാക്കാൻ നോക്കുകയാണെന്ന് പറഞ്ഞു.
അന്നാണ് അദ്ദേഹം മദ്യപിച്ചത് ഞാൻ ആദ്യമായി കണ്ടത്.
ആ മനസ്സിൽ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി.
മോള് എന്റെ ചേച്ചിയെ പോലെ തന്നെയായിരുന്നു ഇരുന്നത്. ആ നീല കണ്ണുകൾ എനിക്കും ചേച്ചിക്കും ഉള്ളതുപോലെ തന്നെ മോൾക്കും ഉണ്ടായിരുന്നു.
മോളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, എനിക്ക് എന്റെ ചേച്ചിയെ ഓർമ്മ വരും.
അവൾ ഒരു നിമിഷം ഏതോ ഓർമ്മയിൽ ലയിച്ചിരുന്നു.
ശരത്തേട്ടൻ പതിയെപ്പതിയെ മോളോട് വെറുപ്പ് ഒക്കെ കാണിച്ചു തുടങ്ങി
അതെനിക്ക് സഹിക്കാനായില്ല, മോളെ വേദനിപ്പിച്ചാൽ എന്റെ ചേച്ചിയുടെ ആത്മാവ് എന്നോട് ഒരിക്കലും പൊറുക്കില്ല.
എന്റെ ചേച്ചി നല്ലവൾ ആയിരുന്നു.
ഈ ഭൂമിയിൽ വച്ച് ഏറ്റവും നല്ല സ്ത്രീ. അങ്ങനെയുള്ള ചേച്ചി ശരത്തേട്ടനെ ചതിക്കില്ല എനിക്കുറപ്പാണ്.
അതുകൊണ്ടാണ് DNAടെസ്റ്റ് നടത്തണം എന്ന് ഞാൻ പറഞ്ഞത്.
ശരത്തേട്ടന്റെ മോളാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ പിന്നെ ശരത്തേട്ടൻ മോളോട് ഇങ്ങനെ വെറുപ്പ് കാണിക്കില്ലല്ലോ,എന്നാണ് ഞാൻ കരുതിയത്.
പക്ഷെ.... റിസൾട്ടിൽ മോൾ ശരത്തേട്ടന്റേത് അല്ല എന്നാണ് തെളിഞ്ഞത്.
അതോടെ മോളോട് പൂർണ്ണമായും ശരത്തേട്ടന് വെറുപ്പായി.
മോൾക്ക് പക്ഷെ ശരത്തേട്ടനെ ജീവനാണ്.
അവളെ ഉപേക്ഷിക്കാൻ ശരത്തേട്ടൻ എന്നോട് പറഞ്ഞു.
ആരുടെ മോളായാലും എന്റെ ചേച്ചിക്ക് ജനിച്ചതല്ലേ,എനിക്ക് അവളെ ഉപേക്ഷിക്കാൻ കഴിയുമോ, എനിക്കവളെ വേണമെന്ന് ഞാൻ തീർത്തു പറഞ്ഞു.
അതോടെ എന്നോടും ദേഷ്യമായി.
പക്ഷെ,എനിക്കദ്ദേഹത്തെ ജീവനാണ്.
അത്ര നല്ലവൻ ആയിരുന്നു അദ്ദേഹം.
ടീച്ചറിന് അറിയാമോ, ഞാൻ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടും എന്നെ ഭാര്യയായി അംഗീകരിക്കാൻ പോലും ആദ്യമൊന്നും അദ്ദേഹം തയ്യാറായിരുന്നില്ല.
എന്നോട് മിണ്ടാറു പോലുമില്ലായിരുന്നു.
ഇടയ്ക്കെല്ലാം എന്നെ ഗൗരി എന്ന് വിളിക്കും.
പിന്നെ എപ്പോഴോ എന്നെ സ്നേഹിച്ചു തുടങ്ങി
പക്ഷേ നിധി അദ്ദേഹത്തിന്റെ മകളല്ലെന്ന് അറിഞ്ഞ നിമിഷം മുതൽ മരിച്ചു പോയ ഗൗരിയേടത്തിയോട് ശരത്തേട്ടന് വല്ലാത്ത വെറുപ്പായിരുന്നു.
ആ വെറുപ്പ് മോളോടും കാണിക്കും. എന്നിട്ട് ഇടക്കെല്ലാം ഇരുന്ന് കരയും.
എന്തിനാണ് എന്നെ വഞ്ചിച്ചത്,എന്തിനാണ് വല്ലവന്റെയും കുഞ്ഞിനെ കൊണ്ട് എന്നെ അപ്പ എന്ന് വിളിപ്പിച്ചത് എന്നും ചോദിച്ച്...
മോളെ ചിലപ്പോഴൊക്കെ ഉപദ്രവിക്കും, എന്നിട്ട് കുറച്ച് കഴിയുമ്പോൾ അവളേം കെട്ടിപ്പിടിച്ചിരുന്നു കരയുന്നത് കാണാം.
വെറുതെ തല്ല് മേടിക്കാൻ അപ്പയുടെ അരികിൽ പോകരുതെന്ന് വിലക്കിയാലും അവൾ പോകും അതുകൊണ്ടാ ഞാനവളെ പിച്ചിയത്.
രണ്ട് കൊല്ലം മുൻപ് അവളെയെന്റെ നെഞ്ചിലേറ്റിയതാ. അവളുടെ അമ്മയല്ലേ ഞാൻ എനിക്കവളെ ശിക്ഷിച്ചൂടെ...
എന്റെ പിടുത്തം വിട്ടുപോയപ്പോൾ ചെയ്തതാ..
ശരത്തേട്ടൻ മദ്യ ലഹരിയിലാണെങ്കിൽ അവളെ വല്ലാതെ ഉപദ്രവിച്ചാലോ എന്ന് കരുതിയാ ഞാൻ അരികിലേക്ക് പോകരുതെന്ന് പറയുന്നത്..
എങ്കിൽ മോളെയും കൊണ്ട് ചിത്രക്ക് ചിത്രയുടെ വീട്ടിലേക്ക് പൊയ്ക്കൂടേ... നന്ദിനി ചോദിച്ചു.
അങ്ങനെ കയറിചെല്ലാൻ എനിക്കൊരിടമില്ല.
അച്ഛൻ അമ്മയെ വെ** ട്ടിക്കൊ ** ന്നതാ...
ഞാൻ അതൊന്നും ഓർക്കുന്നില്ല.ഞാൻ ചെറിയ കുട്ടി ആയിരുന്നു.
അമ്മാവനാ ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ.
ചേച്ചിയെ കണ്ടിഷ്ടപ്പെട്ടു വിവാഹം ആലോചിച്ചു വന്നതാ ശരത്തേട്ടൻ.
നല്ല ജീവിതമാണ് ചേച്ചിക്ക് കിട്ടിയത് എന്നോർത്ത് എല്ലാവർക്കും സന്തോഷമായിരുന്നു.
പക്ഷെ... ഇങ്ങനെയൊക്കെയായിപ്പോയി.
എനിക്ക് ഉറപ്പാണ് ടീച്ചർ എന്റെ ചേച്ചി ഒരു തെറ്റും ചെയ്യില്ല.
ചിത്രയുടെ ചേച്ചി എങ്ങനെയാ മരിച്ചത്.
ആക്സിഡന്റ് ആയിരുന്നു. കൂടെ ശരത്തേട്ടനും ഉണ്ടായിരുന്നു.
ശരത്തേട്ടൻ രക്ഷപ്പെട്ടു, പക്ഷെ ചേച്ചി..
നന്ദിനി ഒരു നിമിഷം ആലോചിച്ചു..
ചിത്ര... ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... നന്ദിനി പകുതിയിൽ നിർത്തി.
എനിക്ക് മനസ്സിലായി ടീച്ചർ, എന്നെ സ്വന്തമാക്കാൻ ശരത്തേട്ടൻ ചതിച്ചതാണോ എന്നല്ലേ സംശയം.
ഞാനും അത് ആലോചിച്ചു നോക്കി.
പക്ഷെ അല്ല..
ചേച്ചി അപ്സരസായിരുന്നു. ചേച്ചിയുടെ മുന്നിൽ ഞാൻ ഒന്നുമല്ല.
ചേച്ചിയോളം ബുദ്ധിയോ സാമർത്ഥ്യമോ ഒന്നും എനിക്കില്ല.
ശരത്തേട്ടൻ നല്ലവനാണ്. എനിക്കുറപ്പാണ്.
ഇതിൽ എന്തോ ചതി നടന്നിട്ടുണ്ട്.
പാവം ശരത്തേട്ടൻ അതിൽ പെട്ടു പോയതാണ്.
സത്യമെന്താണെന്ന് എനിക്കറിയണം.അവളുടെ ശബ്ദം ഉറച്ചു.
ഞാനിതു ടീച്ചറിനോട് ഇപ്പോൾ പറഞ്ഞത് എന്തിനാണെന്ന് അറിയാമോ??
നന്ദിനി ചോദ്യഭാവത്തിൽ അവളെ നോക്കി.
നാളെ ഞാൻ ഏതെങ്കിലും കാരണത്താൽ ഇല്ലാതായാൽ,എന്റെ നിധിയെ തെരുവിൽ അലയാൻ വിടാതെ ഏതെങ്കിലും സ്ഥാപനത്തിൽ ആക്കണം...
എനിക്ക് മറ്റാരും പറയാനില്ല...
ചിത്ര ഒറ്റക്ക് എന്ത് ചെയ്യാനാണ്?? നന്ദിനി ചോദിച്ചു.
അതെ ഞാൻ ഒറ്റക്കാണ്. എന്റെ ചേച്ചി തെറ്റുകാരിയല്ല എനിക്കതുറപ്പാണ്.
ഈ ചതിക്കു പിന്നിൽ ആരാണെന്ന് എനിക്കറിയണം. എന്തിനാണ് ഈ ചതി ചെയ്തതെന്ന് അറിയണം.
അവളുടെ കണ്ണുകൾ തിളങ്ങി.
💛💛💛💛💛
തുടരും.
രചന :: അഞ്ജു തങ്കച്ചൻ
#📙 നോവൽ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ